തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് സുരേഷ്ഗോപിയുടേതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ്ഗോപിയെന്നും മന്ത്രി പരിഹസിച്ചു.
കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തിലാണ് വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദേഹത്തിന്റേതെന്ന് കെ.ബി.ഗണേഷ്കുമാർ പ്രതികരിച്ചത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയും കെ.ബി.ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചു. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്ന് അദേഹം ആരോപിച്ചു.
യുഡിഎഫ് മതവികാരം ഇളക്കി വിടുന്നുവെന്ന് ആരോപിച്ച മന്ത്രി ബിജെപിയേക്കാൾ അപകടകരമായ രീതിയിലാണ് യുഡിഎഫിന്റെ നീക്കമെന്നും അഭിപ്രായപ്പെട്ടു. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒരേ സ്വരമാണെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.